nctv news pudukkad

അതിർത്തി തർക്കം വധശ്രമമായി; ഇരിങ്ങാലക്കുട കോടതി പ്രതിക്ക് അഞ്ച് വർഷം ശിക്ഷ വിധിച്ചു

അതിർത്തി തർക്കത്തെത്തുടർന്ന് അയൽക്കാരനെ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെന്മണിക്കര പാഴായി സ്വദേശി ചിറയത്ത് ചാക്കുണ്ണിയെയാണ് ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.

2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെന്മണിക്കര വില്ലേജിലെ പാഴായി ദേശത്ത് താമസിക്കുന്ന എലുവത്തിങ്കൽ ജോസിനെ അതിർത്തി തർക്കത്തെത്തുടർന്ന് പ്രതി ചാക്കുണ്ണി കൈക്കോട്ട് ഉപയോഗിച്ച് തലയിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വധശ്രമത്തിന് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും, ഗുരുതരമായി പരിക്കേൽപ്പിച്ചതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം തടവും, അതിക്രമിച്ചു കയറിയതിന് മൂന്നു മാസം തടവുമാണ് ശിക്ഷ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ലക്ഷ്മി കെ. തമ്പി ഉത്തരവിട്ടു.

പുതുക്കാട് സബ് ഇൻസ്പെക്ടർമാരായിരുന്ന എൻ. മുരളീധരൻ, വി. സജീഷ് കുമാർ എന്നിവർ ആരംഭിച്ച അന്വേഷണം ഇൻസ്പെക്ടർ കെ.എൻ. ഷാജിമോനാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ്, പി.എ ജെയിംസ്, എബി ഗോപുരൻ, അൽജോ എന്നിവർ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *