നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളിലെ കളിസ്ഥലത്തിന്റെ വികസനം നിര്‍മ്മാണോദ്ഘാടനം മന്ത്രി. വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക, ശാരീരിക ക്ഷമതാ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമേകാന്‍ ഇത്തരം കളിക്കളങ്ങള്‍ സഹായിക്കുമെന്നും ഇതുവഴി പുതിയ കായികതാരങ്ങള്‍ക്ക് വളരാന്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 76 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരണം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.സി പ്രദീപ്, എന്‍. എം പുഷ്പാകരന്‍, എം.കെ ഷൈലജ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എന്‍. നിധിന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് കെ. ജയശ്രീ, പിടിഎ പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലുള്‍പെടുത്തി സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും പുതുക്കാട് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും ഉള്‍പ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കളിസ്ഥലത്തിന്റെ വികസനം നടത്തുന്നത്. ഏറ്റവും കൂടുതല്‍ പഞ്ചായത്ത് കളിക്കളങ്ങള്‍ ഒരുക്കുന്ന ജില്ലകളില്‍ ഒന്നാണ് തൃശ്ശൂര്‍. നിലവില്‍ 15 കളിക്കളങ്ങളാണ് ജില്ലയില്‍ ഒരുക്കുന്നത്.
നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം
