കോനിക്കരയ്ക്കും മണ്ണാവിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പാടമാണ് വെള്ളിയാഴ്ച രാത്രി നികത്തിയത്. നൂറുകണക്കിന് ആളുകളാണ് വാഹനം തടയാന്‍ എത്തിയത്. ലാലൂര്‍ ട്രജിങ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക്ക്, ആശുപത്രി മാലിന്യങ്ങള്‍ അടക്കമുള്ളവ എത്തിച്ചാണ് പാടത്ത് നികത്തിയതെന്നും ഏകദേശം 50 സെന്റ് ഇത്തരത്തില്‍ നികത്തിയതായും നാട്ടുകാര്‍ ആരോപിച്ചു. പാടത്തെ മാലിന്യം പ്രദേശത്തെ തോടുവഴി മണലിപ്പുഴയിലേക്ക് എത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒല്ലൂര്‍, പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. 2 ടോറസ് ലോറിയും ഒരു മണ്ണുമാന്തി യന്ത്രവും ഒല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുത്തൂര്‍, തൃക്കൂര്‍ പഞ്ചായത്ത് അധികൃതരും, വിവിധ രാഷ്ട്രീയ പ്രതിനിധികളും പ്രദേശത്ത് എത്തിയിരുന്നു. കോനിക്കരയ്ക്കും മണ്ണാവിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പാടം മാലിന്യം തള്ളി നികത്തിയ സംഭവത്തില്‍ മന്ത്രി കെ. രാജന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. പാടത്തെ മാലിന്യം പ്രദേശത്തെ തോടുവഴി മണലിപ്പുഴയിലേക്ക് എത്താന്‍ സാധ്യതയണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. എഡിഎം മുരളി, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരും സ്ഥലത്തെത്തി. വെള്ളിയാഴ്ച രാത്രിയാണ് ടോറസ് ലോറിയില്‍ മാലിന്യം തള്ളിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് വാഹനം തടയുകയായിരുന്നു.
രാത്രിയുടെ മറവില്‍ ടണ്‍ കണക്കിന് മാലിന്യം തള്ളി പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
