nctv news pudukkad

nctv news logo
nctv news logo

ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

NCTV NEWS- PUDUKAD NEWS

എച്ചിപ്പാറ ചക്കുങ്ങല്‍ വീട്ടില്‍ 49 വയസുള്ള അബ്ദുള്‍ഖാദറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വൈദ്യുത കമ്പികളിലേക്ക് വീണുകിടന്നിരുന്ന മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായതോടെയാണ് വനംവകുപ്പ് അധികൃതര്‍ മരം മുറിച്ചുമാറ്റുന്നതിനായി അബ്ദുള്‍ഖാദറിനെ എല്‍പിച്ചത്. മരം കമ്പിയില്‍ വീണ് താഴ്ന്നതോടെ മേശയില്‍ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയില്‍ കുടുങ്ങി നിന്ന മരതടി അബ്ദുള്‍ഖാദറിന്റെ തലയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ വാഹനത്തില്‍ അബ്ദുള്‍ഖാദറിനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡാമിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്ക് ചെയ്യുന്ന വഴിയിലാണ് മരം വീണത്. കഴിഞ്ഞദിവസം മുതല്‍ ഇവിടേക്കുള്ള വൈദ്യുതബന്ധവും നിലച്ചിരിക്കുകയായിരുന്നു. മരം മുറിക്കുന്നതിനായി വൈദ്യുതകമ്പി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി അധികൃതര്‍ നടപടി സ്വീകരിക്കാത്തതും യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാത്ത വനംവകുപ്പിന്റെ നടപടിയുമാണ് ഒരു ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നു. സജ്‌നയാണ് ഭാര്യ. മിതിലാജ്, മിന്‍ഹാജ്, മിസ്രിയ എന്നിവര്‍ മക്കളാണ്. അതേസമയം വനംവകുപ്പിന്റെ ഇഡിസി അംഗം കൂടിയായ അബ്ദുള്‍ഖാദറിന്റെ മരണത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച ചിമ്മിനി വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *