കാലവര്‍ഷം പടിവാതില്‍ക്കലെത്തി നില്‍ക്കെ തോട്ടിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ നടപടിയില്ലാത്തത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും കൃഷിനാശവും സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൊടകര കുംഭാരത്തറയില്‍ നിന്ന് മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയിലേക്ക് പോകുന്ന റോഡിലെ പാലത്തിനോടുചേര്‍ന്നാണ് തോട്ടില്‍ പാഴ്ച്ചടികള്‍ നിറഞ്ഞിട്ടുള്ളത്. മഴക്കാലമായാല്‍ വലിയ അളവില്‍ വെള്ളം ഒഴുകിയെത്തുന്ന തോട്ടില്‍ നീരൊഴുക്കിനു തടസം സൃഷ്ടിച്ച് വളര്‍ന്നുനില്‍ക്കുകയാണ് ചെടികള്‍. വലിയ കൈതച്ചെടികളടക്കം ഇങ്ങനെ തോട്ടില്‍ തടസമായി വളരുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കും മുമ്പേ ഇവ വെട്ടി നീക്കി ഒഴുക്ക് സുഗമമാക്കിയല്ലെങ്കില്‍ സമീപത്തെ കൃഷിടങ്ങള്‍ മുങ്ങും. തോട് കവിഞ്ഞൊഴുകി വീടുകളിലേക്കും വെള്ളം കയറാന്‍ ഇടയാകും. മൂന്നു പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെയാണ് കുഴിക്കാണി തോട് ഒഴുകുന്നതെന്നതിനാല്‍ തോട് വൃത്തിയാക്കാന്‍ പഞ്ചായത്തുകള്‍ സംയുക്തമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മഴ ശക്തമാകും മുമ്പേ ഇതിനാവശ്യമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മറ്റത്തൂര്‍, കൊടകര, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കുഴിക്കാണി തോട്ടില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് നീരൊഴുക്കിന് തടസമാകുന്നു
