തൃക്കൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കാവല്ലൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിയിട്ട് 10 ദിവസം പിന്നിട്ടു. തൃക്കൂരിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും തൃക്കൂര്‍ പൊന്നൂക്കര വഴി ഭരതയിലെ കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ പൈപ്പ് തൃക്കൂര്‍ എസ്എംഎസ് റോഡില്‍ പൊട്ടിയതാണ് കാരണം. തൃക്കൂരിലെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം ഭരതയിലെ ടാങ്കില്‍ എത്തിയതിനുശേഷമാണ് 8, 9, 10, 11, 12, 13 വാര്‍ഡുകളിലേക്ക് വെള്ളം ലഭിക്കുക. 10 ദിവസത്തിനുള്ളില്‍ ഒരേസ്ഥലത്ത് തന്നെ 7 തവണ പൊട്ടിയ പൈപ്പ് ലീക്ക് അടച്ചു. ഇപ്പോഴും അതേ സ്ഥലത്ത് തന്നെയാണ് പൊട്ടിയിരിക്കുന്നത്.
പൈപ്പ് പൊട്ടിയാല്‍ അടച്ചിരുന്ന പ്രധാന കരാര്‍ തൊഴിലാളികള്‍ മുന്‍കാലങ്ങളില്‍ ചെയ്ത പ്രവൃത്തികളുടെ പണം ലഭിക്കാത്തതിനാല്‍ സമരത്തിലാണെന്നും ഇപ്പോള്‍ പ്രവൃത്തി ചെയ്യുന്നവരുടെ പരിചയക്കുറവാണോ ഈ വിഷയം ഇത്രയും വഷളാക്കിയത് എന്ന് സംശയിക്കുന്നതായും പഞ്ചായത്തംഗം സൈമണ്‍ നമ്പാടന്‍ പറഞ്ഞു. കാവല്ലൂര്‍ മേഖല വലിയ കുന്നിന്‍പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ്. കുടിവെള്ള കിണറുകള്‍ മാസങ്ങള്‍ക്ക് മുന്‍പേ വറ്റി. പഞ്ചായത്തിന്റെ കുടിവെള്ള വിതരണ വാഹനത്തില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് ഇപ്പോള്‍ ഏക ആശ്രയം. വാട്ടര്‍ അതോറിറ്റിയുടെ പൊട്ടിയ പൈപ്പുകള്‍ ഉടനടി പുനഃസ്ഥാപിച്ച് കുടിവെള്ളം സുഗമമായി ലഭിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് അംഗം സൈമണ്‍ നമ്പാടന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പരാതി നല്‍കി.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് 10 ദിവസം
