മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു. നെന്മാറ കല്‍നാട് സ്വദേശികളായ കല്‍നാട് വീട്ടില്‍ 22 വയസ്സുള്ള കാര്‍ത്തിക്, 52 വയസ്സുള്ള ശെന്തില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഡ്രൈവറായ ഫോര്‍ട്ട് കൊച്ചി അവരാവതി സ്വദേശി 44 വയസ്സുള്ള ശ്യാമിനെയാണ് ഇരുവരും ആക്രമിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചത്. വാഹനത്തിന്റെ ഇരു വശത്തെയും ഗ്ലാസ് ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയും ഡ്രൈവര്‍ക്കുനേരം വധശ്രമവും നടന്നു. ശ്യാമിനെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കയ്യിലെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ രക്ഷപെടാന്‍ ശ്രമിച്ച ശ്യാമിനെ പിന്തുടര്‍ന്ന പ്രതികള്‍ ഇയാളുടെ ഇടതു കൈമുട്ടും അടിച്ചു തകര്‍ത്തു. തലയില്‍ ഏറ്റ അടി മരണത്തിലേക്ക് വരെ നയിക്കാവുന്നതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുകൂട്ടരും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ജോലി സംബന്ധമായ തര്‍ക്കങ്ങളും മുന്‍ വൈരാഗ്യവുമാണ് കൊലപാതക ശ്രമത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.