റോഡരുകില്‍ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയതോടെ മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ഇതുവഴി പോകുന്നത്. ഇറച്ചികോഴിയുടെ അവശിഷ്ടങ്ങള്‍ ചാക്കുകളാക്കി വാഹനങ്ങളില്‍ കൊണ്ടുവന്ന് റോഡരുകില്‍ തള്ളുകയാണ്. രാത്രിയുടെ മറവിലാണ് ഈ സാമൂഹികവിരുദ്ധ പ്രവൃത്തി നടക്കുന്നത്. ചീഞ്ഞഴുകി പുഴുവരിച്ച് റോഡരുകില്‍ കിടക്കുന്ന മാലിന്യചാക്കുകള്‍ ദുര്‍ഗന്ധം പരത്തുന്നതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. മഴ പെയ്താല്‍ മാലിന്യം ചീഞ്ഞഴുകി പ്രദേശത്തുകൂടി കടന്നുപോകുന്ന കനാലിലും വെള്ളിക്കുളം വലിയതോട്ടിലും എത്തുന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നവും ഉണ്ടാകുന്നുണ്ട്. മാലിന്യം ഭക്ഷിക്കാനായി എത്തുന്ന കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. കാട്ടുപന്നികള്‍ കുറുകെചാടി ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് ഇവിടെ നിത്യസംഭവമാണ്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് കമലക്കട്ടിയിലെ മാലിന്യനിക്ഷേപത്തിന് അറുതി വരുത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ വെള്ളിക്കുളങ്ങര ചാലക്കുടി റോഡുകടന്നുപോകുന്ന കമലക്കട്ടി പ്രദേശത്ത് മാലിന്യനിക്ഷേപം വര്‍ധിക്കുന്നു
