നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ 45 വയസുള്ള സന്തോഷ് ആണ് മരിച്ചത്. സന്തോഷിന്റെ സഹോദരി ഷീബ, ഭര്‍ത്താവ് പുത്തൂര്‍ പൊന്നൂക്കര കണ്ണംമ്പുഴ വീട്ടില്‍ 49 വയസുള്ള സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളര്‍ന്നു കിടപ്പായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബ, ഭര്‍ത്താവ് സെബാസ്റ്റ്യന്‍ എന്നിവരാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്.
മൃതദേഹം തറയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസില്‍ അറിയിക്കാനൊരുങ്ങിയപ്പോള്‍ ഷീബയും ഭര്‍ത്താവും അത് വിലക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസില്‍ അറിയിച്ചതോടെ സെബാസ്റ്റ്യന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന മരുന്ന് കുടിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായ സെബാസ്റ്റ്യന് കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന ഷീബ കൊലപാതക വിവരം പറഞ്ഞത്. കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യന്‍ ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് മൊഴി.
സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ വേറെയിടമില്ലാത്തതും കിടപ്പു രോഗിയെ സംരക്ഷിക്കുന്നതിനുളള ബുദ്ധിമുട്ടും കൊലപാതകത്തിന് കാരണമായതായി പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ സെബാസ്റ്റ്യനെ സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സെബാസ്റ്റ്യന് പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാര്‍, എസ്‌ഐമാരായ സുധീഷ് കുമാര്‍, വിനോദ്, കൃഷ്ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ കെ.കെ. വിശ്വനാഥന്‍, ഗ്രേഡ് സിപിഒമാരായ ഷഫീക്, അജി, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നെടുമ്പാളില്‍ കിടപ്പുരോഗിയുടെ കൊലപാതകത്തില്‍ സഹോദരിയും പിടിയിലായി
