nctv news pudukkad

nctv news logo
nctv news logo

അധ്വാനത്തിന്‍റെ മഹത്വവും അധ്വാനിക്കുന്നവരുടെ അവകാശങ്ങളും ഓര്‍മപ്പെടുത്തി മറ്റൊരു മെയ്‌ദിനം കൂടി

LABOUR DAY

ഇന്ന് ലോക തൊഴിലാളി ദിനം. ‘എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം’ എന്ന ആവശ്യം നേടിയെടുത്ത തൊഴിലാളികളുടെ ഐതിഹാസിക സമര പോരാട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ മെയ് ദിനവും. തൊഴിലിടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മുൻ തലമുറയുടെ സമര പോരാട്ടങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട് ഓരോ തൊഴിലാളി ദിനങ്ങളും കടന്ന് പോകുന്നു.

1889 മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചു. ഷിക്കാഗോയിലെ ഹേമാർക്കറ്റ് കലാപത്തിന്‍റെ സ്‌മരണയ്ക്കായി ട്രേഡ് യൂണിയനുകളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും അന്താരാഷ്‌ട്ര ഫെഡറേഷനാണ് ആഘോഷങ്ങൾ പ്രഖ്യാപിച്ചത്. 1886-ൽ നടന്ന ഈ കലാപത്തെ ഹേമാർക്കറ്റ് അഫയർ എന്നും വിളിക്കുന്നു. എട്ട് മണിക്കൂർ ജോലിസമയം ആവശ്യപ്പെട്ട് സമാധാനപരമായ മാർച്ചായി ആരംഭിച്ച കലാപം പിന്നീട് പ്രതിഷേധക്കാരും പൊലീസ് സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

ഈ അന്താരാഷ്‌ട്ര തൊഴിലാളി ദിനത്തില്‍ കേരളത്തിലെ കുടിയേറ്റ തൊഴില്‍ സേനയെക്കുറിച്ച് ഒന്ന് പരിശോധിക്കാം. കേരളത്തില്‍ നിന്ന് തൊഴില്‍ തേടി ആദ്യഘട്ടത്തില്‍ നമ്മള്‍ പോയത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആയിരുന്നു. ഇന്നിപ്പോള്‍ ലോകത്തെ 182 രാജ്യങ്ങളിലും മലയാളികളുണ്ട്. നോര്‍ക്ക റൂട്ട്സിന്‍റെ കേരള പ്രവാസികളുടെ കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആദ്യഘട്ടത്തില്‍ നൈപുണ്യമില്ലാത്ത, അര്‍ധ നൈപുണ്യമുള്ള തൊഴിലാളികളാണ് 70കളില്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നത്. ഇന്നിപ്പോള്‍ നമ്മുടെ കുടിയേറ്റ തൊഴില്‍ സേനയില്‍ വിവിധ തൊഴിലുകളില്‍ നൈപുണ്യമുള്ളവരും അതിനൈപുണ്യമുള്ളവരുമാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടായിരുന്നു നമ്മുടെ നാട്ടില്‍ നിന്ന് അന്യനാടുകളിലേക്ക് ആളുകള്‍ ചേക്കേറിയിരുന്നത്. എന്നാലിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ കൂടി സ്വന്തമാക്കാനാണ് നമ്മുടെ നാടുപേക്ഷിച്ച് യുവാക്കള്‍ പറക്കുന്നത്.

ദൂരവും സമയവും ഒന്നും ഈ ഡിജിറ്റല്‍ യുഗത്തില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിന് ഇവര്‍ക്ക് തടസമാകുന്നേയില്ല. ഇവിടെ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. നമ്മുടെ രാജ്യത്ത് നിന്ന് അന്യനാടുകളിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരെ സര്‍വസജ്ജരാക്കുക എന്ന ഉത്തരവാദിത്തമാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ വര്‍ഷങ്ങളോളം വിദേശത്ത് ചെലവഴിച്ച് നമ്മുടെ നാടിന്‍റെ സമ്പദ്ഘടനയ്ക്ക് കരുത്തേകിയ ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവരുടെ സാമ്പത്തിക – സാമൂഹ്യ ഉദ്ഗ്രഥനം ഉറപ്പാക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തിരിച്ചെത്തുന്ന പ്രവാസികളും നമ്മുടെ നാടിന്‍റെ വിഭവങ്ങളായി തന്നെ പരിഗണിക്കപ്പെടണം. ഇതിനായി ബോധവത്ക്കരണവും ആവശ്യമാണ്. ഗുണമേന്‍മയുള്ള കുടിയേറ്റത്തിനും തിരിച്ച് വരുന്നവരുെട പുനരധിവാസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കണം. പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം തിരികെയെത്തുന്നവര്‍ക്കായി പദ്ധതികളുണ്ടാകണം. ഇത് നാടിന്‍റെ വികസനത്തിനും തിരികെയെത്തുന്ന പ്രവാസികളുടെ മികച്ച ജീവിതത്തിനും അത്യന്താപേക്ഷിതമാണ്.

Leave a Comment

Your email address will not be published. Required fields are marked *