വര്‍ണക്കാഴ്ചയുടെയും വാദ്യ മേള വിസ്മയങ്ങളുടെയും വിരുന്നൊരുക്കി തൃശൂര്‍ പൂരം. ശക്തന്റെ തട്ടകത്തേക്ക് പൂരപ്രേമികള്‍ നിറഞ്ഞൊഴുകി. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും വാദ്യഗോപുരങ്ങള്‍ കെട്ടിക്കെട്ടി ഉയരങ്ങളിലേക്കു പോയ സുദിനം. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. ശേഷം ശക്തന്റെ തട്ടകത്ത് താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ നിറകൂട്ടായിരുന്നു. പൂരപ്പുലരിയില്‍ വടക്കുന്നാഥ സന്നിധിയില്‍ കതിനവെടി മുഴങ്ങിയതോടെ പൂരവിസ്മയത്തിനുള്ള മുന്നറിയിപ്പായി. ആചാരപ്പെരുമ നിറച്ച് പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ഭഗവതി, കാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി ചൂരക്കോട്ടുകര ദുര്‍ഗാദേവി, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി, കുറ്റൂര്‍ നൈതലക്കാവ് ഭഗവതി എന്നിവരെല്ലാം വടക്കുന്നാഥ സന്നിധിയിലെത്തി. കേരളത്തിലെ എണ്ണംപറഞ്ഞ ഗജകേസരികളെല്ലാം അണിനിരന്നതായിരുന്നു എട്ട് ഘടകക്ഷേത്രങ്ങളുടേയും പൂരം. പാരമ്പര്യത്തിന്റെ പ്രമാണം ചെണ്ടക്കോലിലൂടെ കാലങ്ങള്‍ കൊട്ടിക്കയറിയപ്പോള്‍ താളമിട്ടും ആര്‍പ്പു വിളിച്ചും തുള്ളിച്ചാടിയുമെല്ലാം കുരുന്നുകളും മുതിര്‍ന്നവരും ഒരേ മനസോടെ പൂരാവേശത്തില്‍ അലിഞ്ഞു. വര്‍ണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറി. ശനിയാഴ്ച പകല്‍പ്പൂരത്തിനു ശേഷം ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശ്ശൂര്‍ പൂരത്തിന് സമാപനമാകും.
വര്‍ണക്കാഴ്ചയുടെയും വാദ്യ മേള വിസ്മയങ്ങളുടെയും വിരുന്നൊരുക്കി തൃശൂര്‍ പൂരം
