കൊടകര പഞ്ചായത്തിലെ 33 ഏക്കര്‍ വിസ്തൃതിയുള്ള പുത്തുക്കാവ് പാടശേഖരത്തിലാണ് നെല്‍ച്ചടികളില്‍ മുഞ്ഞ ബാധിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഈ പാടശേഖരത്ത് മുഞ്ഞ രോഗം കാണുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഫ്രാന്‍സിസ് തെക്കന്‍ പറഞ്ഞു.120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ പുത്തൂക്കാവ് പാടശേഖരത്ത് വിരിപ്പു കൃഷിയിറക്കിയത്. നെല്‍ച്ചെടികള്‍ക്ക് ഏകദേശം 80 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് മുഞ്ഞബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ദിവസങ്ങള്‍ക്കകം രോഗം പാടശേഖരത്തെ നെല്‍ച്ചെടികളെ വ്യാപകമായി ബാധിച്ചു. തണ്ടില്‍ കൂട്ടംകൂടി ഇരിക്കുന്ന മുഞ്ഞകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്. കതിരുകള്‍ വിളവെടുപ്പിന് പാകമായ സമയത്ത്് രോഗ ബാധ കാണപ്പെട്ടതിനാല്‍ കീടനാശിനി പ്രയോഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പുത്തുക്കാവ് പാടശേഖരത്തിലെ 15 ഏക്കറിലാണ് ഇത്തവണ വിരിപ്പ് കൃഷി ചെയ്തത്. ഇതില്‍ എട്ടേക്കറോളം കൃഷി മുഞ്ഞബാധിച്ച നശിച്ച അവസ്ഥയിലാണ്. സാധാരണയായി വിരിപ്പ് കൃഷിക്ക് മുഞ്ഞ ബാധയുണ്ടാകാറില്ലെന്നും ഇക്കൊല്ലത്തെ കാലാവസ്ഥ വ്യതിയാനമാണ് പുത്തുക്കാവ് പാടശേഖരത്തിലെ മുഞ്ഞബാധക്ക് കാരണമെന്ന്് പാടശേഖരം സന്ദര്‍ശിച്ച കാര്‍ഷിക സര്‍വകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ അശ്വതി കൃഷ്ണ പറഞ്ഞു. ഇടവിട്ട് മഴ പെയ്യുന്നതും കടുത്ത വെയിലും മുഞ്ഞകള്‍ക്ക് പെരുകാനുള്ള അനുകൂല കാലാവസ്ഥയാണ്. വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികളിലെ മുഞ്ഞകളെ നശിപ്പിക്കാന്‍ എളുപ്പമല്ല. അടുത്ത സീസണില്‍ കൃഷിയിറക്കുമ്പോള്‍ മുഞ്ഞബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പറഞ്ഞു.