nctv news pudukkad

nctv news logo
nctv news logo

അപകടം പതിവായ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ബസ്സ് ബേ ബസ്സ് ഷല്‍ട്ടര്‍ നിര്‍മ്മിച്ച് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുന്നതിന് സൗകര്യമൊരുക്കാന്‍ തീരുമാനമായി 

mla

ദേശീയപാത 544 ല്‍ പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹൈവേ മുറിച്ചു കടന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നത് ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കും. കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പുതുക്കാട് ജംഗ്ഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്  നിര്‍മ്മിക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആയതിന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് നാഷണല്‍ ഹൈവേ പ്രൊജക്റ്റ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. ആമ്പല്ലൂര്‍ ജംഗ്ഷനില്‍ അണ്ടര്‍ പാസ്സേജ് നിര്‍മ്മിക്കുന്നതിന് അനുമതിയായെന്നും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗത്തില്‍ എന്‍എച്ച് എ ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണലി, കുറുമാലി തുടങ്ങിയ നേരത്തെ സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ അവ പുനസ്ഥാപിക്കാണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ടോള്‍ പ്ലാസയ്ക്ക് അടുത്തും പുതുക്കാട് ജംഗ്ഷനോട് ചേര്‍ന്നും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കൊളത്തൂര്‍ മുതല്‍ കൊടകര വരെയുള്ള ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ സര്‍വീസ് റോഡുകള്‍ ഇല്ലാത്ത പുതുക്കാട് മുതല്‍ നന്തിക്കര വരെയുള്ള ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഹൈവേയിലും സര്‍വീസ് റോഡുകളിലും ഉള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന സെപ്റ്റംബര്‍ 21ന് നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ദേശീയപാത 544 ല്‍ പുതുക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എംഎല്‍എ ബന്ധപ്പെട്ട അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ എം.പി, എംഎല്‍എ മറ്റു ജനപ്രതിനിധികള്‍, ദേശീയപാത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍  പങ്കെടുത്തുകൊണ്ട് ജൂലൈ മാസം യോഗം ചേര്‍ന്നിരുന്നു. യോഗത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ, ടി എന്‍ പ്രതാപന്‍ എംപി,  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ദേശീയപാത പ്രൊജക്ടര്‍  ഡയറക്ടര്‍ ബിപിന്‍ മാധവന്‍, ഡെപ്യൂട്ടി കളക്ടര്‍ എം.സി. റെജില്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) പി. അഖില്‍, ചാലക്കുടി ഡിവൈഎസ്പി ടി.എസ.് സനോജ്, ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണ, ആര്‍.ടി.ഒ.  കെ.കെ. സുരേഷ് കുമാര്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ് , കെഎസ്ആര്‍ടിസി എടിഒ കെ.ജെ. സുനില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നുമാസത്തിനുള്ളില്‍ തുടര്‍ അവലോകനയോഗം നടത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *