ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ 28 വയസുള്ള അരുണാണ് അറസ്റ്റിലായത്. സ്പിരിറ്റ് കടത്തിന് ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും വ്യാജ കള്ള് നിര്‍മാണ സാമഗ്രികളും പുതുക്കാട് പൊലീസ് പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണാണ് പൊലീസ് സംഘം കണ്ടെത്തിയത്. വീര്യം കൂടിയ വ്യാജകള്ള് തയ്യാറാക്കുന്നതിനാണ് സ്പിരിറ്റ് കൊണ്ടുവന്നിരുന്നത്. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും സംഘവും ചേര്‍ന്നാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിതരണവും ഉണ്ടാകുവാന്‍ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദ്ദേശപ്രകാരം റേഞ്ച് തലത്തില്‍ നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേയുടെ മേല്‍നോട്ടത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്പിരിറ്റ് കടത്തുവാന്‍ ഉപയോഗിച്ച് വന്നിരുന്ന പിക്കപ്പ് വാനും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. അരുണിന് സ്പിരിറ്റ് നല്‍കുന്നവരെ കുറിച്ചും അമിത ലഹരി ഉണ്ടാക്കുന്ന വ്യാജ കള്ളിന്റെ വില്‍പനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ അരുണ്‍ 2016ല്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഗുരുവായൂര്‍ സ്വദേശിയായ യുവാവിനെ സംഘം ചേര്‍ന്നാക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്. ഓണത്തിന് മുന്നോടിയായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വനമേഖലകള്‍ കേന്ദ്രീകരിച്ചും പുഴയോരങ്ങള്‍ക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകള്‍ നടന്നുവരികയാണ്.