രാജ്യത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മറ്റത്തൂരില്‍ നടപ്പാക്കിയ ലിംഗസമത്വ പദവി പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ശരാശരി വരുമാനമുള്ള കുടുംബങ്ങളില്‍ പോലും വിളര്‍ച്ച മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തി വിളര്‍ച്ച പരിഹരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. വിളര്‍ച്ചയുള്ളവരെ കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കി പഞ്ചായത്തിലെ 15നും 60നും മധ്യേ പ്രായമുള്ള മുഴുവന്‍ സ്ത്രീകളിലേയും ഹീമോഗ്ലോബിന്‍ അളവ് 12 ലേക്ക് ഉയര്‍ത്താനാണ് എച്ച്ബി 12 @മറ്റത്തൂര്‍ എന്ന പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാലയങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവര ശേഖരണം, സ്ക്രീനിംഗ്, പ്രചരണം, സ്ക്വാഡ് പ്രവര്‍ത്തനം എന്നിവയാണ് നടക്കുക. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം, ചികിത്സ, ഫോളോഅപ്പ് പ്രവര്‍ത്തനങ്ങള്‍, മോണിറ്ററിങ് എന്നീ പ്രക്രിയകളിലൂടെ പദ്ധതി പൂര്‍ത്തീകരിക്കും. പഞ്ചായത്തിലെ 23 വാര്‍ഡുകളിലേയും ഓരോ 50 വീടുകളെ വീതം ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപവല്ക്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ക്ലസ്റ്ററിന്റേയും ചുമതല കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും. വീടുകളില്‍ എത്തി ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് സ്ത്രീകളുടെ രക്തപരിശോധന നടത്തുകയും പരിശോധന ഫലത്തെ അടിസ്ഥാനമാക്കി റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെ മൂന്നു കാറ്റഗറിയായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികില്‍സയും നടത്തും. റെഡ് കാറ്റഗറിയലുള്ളവര്ക്ക് അടിയന്തിര ചികില്‍സ നല്‍കും. യെല്ലോ കാറ്റഗറിയുള്ളവരെ ഗ്രീന്‍ കാറ്റഗറിയിലെത്തിക്കാനായി മരുന്നും ചികില്‍സയും ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ സിഎച്ച്സി സിഎംഒ ഡോക്ടര്‍ അല്ലി പ്ലാക്കല്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എസ്. നിജില്‍, ശ്രീബ ശ്രീധരന്, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
സ്ത്രീകളിലെ വിളര്‍ച്ച രോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി
