15 മുതല്‍ 60 വയസുവരെയുള്ള മുഴുവന്‍ സ്ത്രീകളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12ലെത്തിക്കുക എന്ന ലക്ഷ്യം നേടാന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നത്. 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടിരുന്നു. ശരാശരി വരുമാനമുള്ളവരിലും അനീമിക് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നു. ദേശീയ ശരാശരി ഇത് 40.5 ആണ്. സ്ത്രീകളില്‍ കണ്ടുവരുന്ന വിളര്‍ച്ച കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയെനാണ് ഉദ്ദേശിക്കുന്നത്. എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന് പേരിട്ട ഈ പരിപാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാലയങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വിവര ശേഖരണം, സ്‌ക്രീനിംഗ്, പ്രചരണം, സ്‌ക്വാഡ് പ്രവര്‍ത്തനം, പ്രതിരോധ പ്രവര്‍ത്തനം, ചികിത്സ, ഫോളോഅപ്പ് പ്രവര്‍ത്തനങ്ങള്‍, മോണിറ്ററിംഗ് എന്നീ പ്രക്രിയകളിലൂടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. പഞ്ചായത്തിലെ 15000 സ്ത്രീകളെ അവരുടെ വീടുകളില്‍ എത്തി ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് രക്ത പരിശോധന നടത്തി 3 കാറ്റഗറിയായി തിരിച്ച്, 50 വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ വീതം രൂപീകരിച്ച് വിളര്‍ച്ച രഹിത പഞ്ചായത്താക്കി മാറ്റുന്നതാണ് പദ്ധതി. പ്രവര്‍ത്തന കര്‍മ്മ പരിപാടി തയ്യാറാക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ജയന്തി വിഷയാവതരണം നടത്തി. ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ലേഖ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി പ്ലാക്കല്‍, ജെന്റര്‍ ആന്‍ഡ് ഡവലപ്മെന്റ് കണ്‍സല്‍ട്ടന്റ് ടി.എം. ഷിഹാബ്, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ വി.എസ്. നിജില്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
