ചൂല്‍ ഉഴിയല്‍ മത്സരം നടത്തിയാണ് പുതുതലമുറയ്ക്ക് കേരള കര്‍ഷക സംഘം പാലീയേക്കര മേഖല സംഘാടക സമിതി വ്യത്യസ്താനുഭവം സമ്മാനിച്ചത്. ഗ്രാമീണ മേഖലയില്‍ അന്യം നിന്നുപോയ പഴയ കാലഘട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് കാര്‍ഷിക വ്യത്തിയുമായി ബന്ധപ്പെട്ടുള്ള മത്സരം കൊണ്ട് ഉദ്ദേശിച്ചത്. പ്രായ ഭേദമന്യേ നിരവധി വനിതകളാണ് ഇതില്‍ പങ്കാളികളായത്. ഒഴിവു സമയം കണ്ടെത്തി പ്രദേശത്തെ സ്ത്രീകള്‍ ഒന്നിച്ച് ഇരുന്ന് ചൂല്‍ ഉഴിയുന്നത് പണ്ട് കാലത്ത് ഒരു സ്ഥിര കാഴ്ച ആയിരുന്നു. ആ കാഴ്ചയെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു ഈ മത്സരവേദിയില്‍. കൊടുക്കല്‍ വാങ്ങലുകള്‍ നടന്ന കാലത്തെ സ്മരിക്കുകയും മത്സരത്തിന്റെ ചൂട് അകറ്റാന്‍ പാട്ടുകള്‍ പാടിയുമാണ് മത്സരാര്‍ത്ഥികള്‍. ചൂല്‍ ഉഴിയല്‍ ആഘോഷമാക്കിയത്. അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന ചൂല്‍ ഉഴിയല്‍ മത്സരങ്ങള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമീണതലങ്ങളിലെ നന്മകള്‍ അകന്നു പോകുന്ന കാലത്തില്‍ ഇന്നലെകളിലെ നന്മകള്‍ തിരിച്ചുകൊണ്ടുവരികയാണിവിടെയെന്ന് ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സജിന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.കെ. പത്മജാദേവി എന്നിവര്‍ സന്നിഹിതരായിരുന്നു. അര മണിക്കൂര്‍ സമയപരിധിയില്‍ വൃത്തിയായും മികച്ചതുമായ ഈര്‍ക്കില്‍ ചൂലിന് സമ്മാനവും നല്‍കി. ഓമന തലവണിക്കര, സരോജിനി പുലക്കാട്ടുകര, ജയശ്രീ പുലക്കാട്ടുകര എന്നിവര്‍ക്ക് ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെ.എം. വാസുദേവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു