ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തിരുന്നത്. എന്നാൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ, 2026 മാർച്ച് 20ന് മുഹ്‌സിന മരണപ്പെടുകയുണ്ടായി.
ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്‌സിന മരണപ്പെട്ടതെന്നാരോപിച്ച് യുവതിയു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സംഭവത്തിൽ പ്രതി ഇബ്രാഹിമിനെതിരെയും ഇയാളെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു.






