കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ബാങ്കിന്റെ ഹെഡ് ഓഫീസും ശാഖകളും ഉള്‍പ്പെടെ തൃശൂരിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ബുധനാഴ്ച രാവിലെ 6.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ലോണ്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍, വന്‍കിട നിക്ഷേപങ്ങളുടെ ഉറവിടം എന്നിവയാണ് ഇവിടെ പ്രധാനമായും അന്വേഷിക്കുന്നത്. ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് ശാഖകളില്‍ റെയ്ഡ് നടന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഒട്ടേറെ പേര്‍ക്ക് അംഗത്വം നല്‍കി വായ്പ അനുവദിച്ചു. ചെറിയ ഈടിന്മേല്‍ അനുവദനീയമായതില്‍ ഇരട്ടി വായ്പ നല്‍കി. ഒരേ വസ്തു തന്നെ ഈടായി വെച്ച് അഞ്ചില്‍ അധികം വായ്പകള്‍ അനുവദിച്ചു തുടങ്ങിവയാണ് സിപിഎം ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 32 കോടിയുടെ തട്ടിപ്പ് ബാങ്കില്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2020 – 21 സാമ്പത്തിക വര്‍ഷം മാത്രം ബാങ്കിന് 10 കോടിയിലധികം നഷ്ടമുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്.
തൃശൂര്‍ കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലും ഇ ഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇഡി റെയ്ഡ് ഇടയാക്കും. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളിലെ തട്ടിപ്പുകള്‍ മുമ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.






