ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് തകര്‍ന്നു തരിപ്പണമായി. റോഡില്‍ മെറ്റല്‍ നിരത്തിയതും പൊടി ശല്യവും യാത്രക്കാര്‍ക്ക് ദുരിതമായി.
ദേശീയപാത ആമ്പല്ലൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ യാത്ര തീരാദുരിതമായത് സംബന്ധിച്ച് എന്‍സിടിവി പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ദേശീയപാത കരാര്‍ കമ്പനി കുഴികളില്‍ ക്വാറി വേസ്റ്റ് നിരത്തിയതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. മെറ്റല്‍ നിറഞ്ഞ പാതയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്കും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കല്ലുകള്‍ തെറിക്കുന്നതും രൂക്ഷമായ പൊടി ശല്യവുമാണ് ജനത്തെ വലക്കുന്നത്. സമീപത്തെ കടകളിലെല്ലാം പൊടി നിറഞ്ഞ സ്ഥിതിയാണ്. റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളിലെയും ബസുകളിലെ യാത്രക്കാരുടെയും സ്ഥിതിയും സമാനമാണ്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പാറപ്പൊടിയും മണ്ണും നിരത്തിയ പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വഴി കാണാനാകാത്ത രീതിയില്‍ പൊടി ഉയരുകയാണ്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പൊടിശല്യം അതിരൂക്ഷമാകും. മുന്നിലെ കാഴ്ച പോലും മറയ്ക്കുന്ന തരത്തിലാണ് പൊടി ശല്യം. ഇരുചക്രവാഹനങ്ങളിലും മറ്റും സ!ഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.റോഡ് ടാറിങ് നടത്തുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ സമീപിച്ചാല്‍ ‘അടിയന്തരമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാം’ എന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നത് അല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി റോഡ് നവീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും.






