nctv news pudukkad

കല്ലൂരിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ഡിവിആറും മോഷ്ടിച്ചു

കല്ലൂര്‍ കോട്ടായിയില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കല്ലൂര്‍ കോട്ടായി സ്വദേശി മഞ്ഞളി ജെയ്‌സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.

ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. നിരീക്ഷണ ക്യാമറയുടെ ഡിവിആറും മോഷ്ടാക്കള്‍ കവര്‍ന്നു. രണ്ടു നിലകളിലുമുള്ള അലമാരകള്‍ കുത്തി തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. മോഷണം നടന്ന സ്ഥലത്ത് മഞ്ഞള്‍പൊടിയും കാപ്പിപ്പൊടിയും വിതറിയ നിലയിലായിരുന്നു. വാതിലുകള്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു.

കഴിഞ്ഞ 25നാണ് ജെയ്‌സനും കുടുംബവും ചെന്നൈയിലുള്ള മകന്റെ അടുത്തേക്ക് പോയത്. ഞായറാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പുതുക്കാട് പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *