തെരുവോരങ്ങളില്‍ സുഗന്ധവും വര്‍ണക്കൂട്ടുകളും പരത്തി ഓണനാളുകളെ വരവേല്‍ക്കാന്‍ പൂവിപണികള്‍ സജീവമായി തുടങ്ങി. അത്തം പിറന്നതോടെ മലയാളി ഓണാവേശത്തിലേക്ക് കടന്നു.
പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു ഓണക്കാലത്തിനൊരുങ്ങുകയാണ് നാടും നഗരവും. മലയാളികള്‍ക്കിനി ആഘോഷത്തിന്റെ പത്തുരാവുകള്‍. ഇനി പൂ പറിച്ചും പൂക്കളം തീര്‍ത്തും പുത്തനുടുപ്പുമിട്ട് ഓണത്തപ്പനെ കാത്തിരിപ്പാണ്. അത്തം പിറക്കുന്നതിന് മുന്‍പേതന്നെ പൂക്കള്‍ അതിര്‍ത്തികടന്ന് ജില്ലയിലെത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം താത്കാലിക പൂക്കടകള്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മുതലേ ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസും അരളിയുമൊക്കെ തെരുവോരങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിയ്ക്കും വാടാമല്ലിക്കുമാണ് ആവശ്യക്കാരേറെ. ഗുണ്ടല്‍പേട്ട്, മേട്ടുപ്പാളയം, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേയ്ക്ക് കൂടുതലായി പൂക്കളെത്തുന്നത്. തിരുവോണം അടുക്കുമ്പോഴേക്കും പൂക്കളുടെ ആവശ്യകതയില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. സ്‌കൂളുകള്‍, കോളേജുകള്‍, വിവിധ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നതോടെ വില്‍പ്പന ഇനിയും ഉയരും. ഓണക്കാലത്ത് പൂക്കളുടെ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകാറുണ്ട്. ജമന്തിക്ക് കിലോയ്ക്ക് 350400, ഓറഞ്ച് ചെണ്ടുമല്ലിയ്ക്ക് 80, മഞ്ഞ ചെണ്ടുമല്ലി കിലോയ്ക്ക് 120, വാടാമല്ലിക്ക് 200 രൂപയുമാണ് നിലവിലെ നിരക്ക്. ആവശ്യകത കൂടുന്നതിനനുസരിച്ച് വില ഉയരാനുള്ള സാധ്യതയുണ്ടെങ്കിലും ഇത്തവണ വിപണിയിലെ ലഭ്യതയും വരവും അനുസരിച്ചായിരിക്കും വിലനിലവാരം.
50,80,100 രൂപ നിരക്കുകളിലുള്ള വ്യത്യസ്തങ്ങളായ പൂക്കള്‍ അടങ്ങിയ കിറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പുലര്‍ച്ചെ ഉണര്‍ന്ന് മുറ്റത്തും തൊടിയിലും പോയി തുമ്പയും മുക്കുറ്റിയും ശംഖുപുഷ്പവുമൊക്കെ പറിച്ച് പൂക്കളമിട്ടിരുന്നവര്‍ ഇന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കളെയാണ് ആശ്രയിക്കുന്നത്. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ പൂക്കളെ ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍.






