ഡ്രൈ ഡേ ഇല്ല, മുടക്കങ്ങൾ ഇല്ല. രാവെന്നോ പകലെന്നോ ഇല്ല. 24 മണിക്കൂറും മദ്യപനം നടത്തിയിരുന്ന സഞ്ചരിക്കുന്ന ബാർ എക്സൈസ് പിടികൂടി.
എക്സൈസ് വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായുള്ള രാത്രികാല പട്രോളിങ്ങിനിടെയാണ് പഴയന്നൂർ റേഞ്ചിലെ എളനാട് കിഴക്ക് മുറി ജുമാ മസ്‌ജിദിന് മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ പ്രവർത്തിച്ചിരുന്ന ബാർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട പാലക്കാട് ആലത്തൂർ കണ്ണമ്പ്ര കല്ലിങ്ങ പാടം പതുപ്പിള്ളി വീട്ടിൽ ഷാജിയെ (54) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു.
തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ അസി എക്സൈസ് ഇൻസ്പെക്ടർ കെ.എം. സജീവും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യത്തിന് പുറമേ ഓട്ടോറിക്ഷയും പണവും കസ്റ്റഡിയിൽ എടുത്തു.
സ്ഥിരമായി മദ്യം ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് വണ്ടിയിൽ ഇരുന്ന് കുടിക്കാനുള്ള സൗകര്യങ്ങൾ പ്രതി ചെയ്ത് കൊടുത്തിരുന്നു രഹസ്യവിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ഒരാഴ്ചക്കാലമായി പ്രതിയെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ഉയർന്ന വിലക്കാണ് പ്രതി മദ്യം വിൽപ്പന നടത്തിയിരുന്നത്. പല സമയത്തായി പല ബിവറേജ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പന ശാലയിൽ നിന്നും പകൽവാങ്ങുന്ന മദ്യമാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതിയെ അറസ്‌റ്റ് ചെയ്ത സംഘത്തിൽ പ്രിവൻ്റീവ് ഓഫിസർമാരായ ടി.ജെ. രൻജിത്, കെ.ലത്തീഫ്, കിഷോർ കൃഷ്‌ണൻ, സിവിൽ എക്‌സൈസ് ഓഫീസർ ജെ.ഒ. ജെറിൻ എന്നിവരും ഉണ്ടായിരുന്നു.






