സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച മാരക ലഹരിവസ്തുക്കളുമായി ഇരിങ്ങാലക്കുടയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ഇരിങ്ങാലക്കുട കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കളെ ആദ്യം പൊലീസ് പിടികൂടിയത്. കൊരുമ്പിശ്ശേരി സ്വദേശികളായ പ്രണവ്, അഖിൽ എന്നിവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെത്തി.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയ എടക്കുളം സ്വദേശിയായ ജിഷ്ണു എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ വിതരണം ചെയ്തതായി കണ്ടെത്തിയതോടെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. ബാലനീതി നിയമത്തിലെ വകുപ്പും ചേർത്താണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അനുജോസ്, പാട്രിക്, സി പി ഒ മാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






