പുലക്കാട്ടുകര പടിഞ്ഞാറേ പുരക്കല്‍ വീട്ടില്‍ 33 വയസുള്ള രേഷ് ബാബുവാണ് മരിച്ചത്. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ബുധനാഴ്ചയാണ് മരിച്ചത്. യുവാവിനെ മര്‍ദിച്ചതാണ് മരണകാരണമെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.മേയ് 16ന് മോഷണകുറ്റത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഷ് ബാബുവിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഇക്കഴിഞ്ഞ 26ന് രേഷ് ബാബുവിനെ അബോധാവാസ്ഥിയല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ചോര ശര്‍ദിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് പൊലീസ് നല്‍കിയ മറുപടിയെന്ന് പിതാവ് ബാബു പറയുന്നു. എന്നാല്‍ രേഷ്ബാബു അറസ്റ്റിലാകുന്നതുവരെ പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു. കൂടാതെ രേഷിന്റെ ചുണ്ടുകളില്‍ നീര് കെട്ടിയിരുന്നതായും ബാബു പറയുന്നു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ വെച്ചോ ജയിലില്‍ നിന്ന് ഏറ്റ മര്‍ദനമൂലമോ ആണ് മരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. മകന്റെ മരണത്തിലെ ദുരൂഹത നീക്കി മരകാരണം അന്വേഷിക്കണമന്നാവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ ബാബു പരാതി നല്‍കി.അതേസമയം, രേഷ് ബാബുവിന്റെ മരണകാരണം മര്‍ദനമേറ്റതുകൊണ്ടല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലേറ്റ്‌ലറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും അവയങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയുമായിരുന്നുവെന്നാണ് വിവരം. ശരീരഭാഗത്തുള്ള മുറിവുകള്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാകാം. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിന്റെ കാരണം തേടി ആന്തരികാവയങ്ങള്‍ പത്തോളജി പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.
വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ചു






