nctv news pudukkad

ദേശീയ ഫുട്‌ബോൾ താരം സിനാൻ ജലീൽ (18) അന്തരിച്ചു

ദേശീയ ഫുട്‌ബോൾ താരം സിനാൻ ജലീൽ അന്തരിച്ചു. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ, ദേശീയ സ്കൂൾ ഫുട്‌ബോളിൽ കേരളത്തിനായി കിരീടം ചൂടിയ ടീമിലെ പ്രധാന താരമായിരുന്നു.

കേരള ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെട്ട സിനാൻ ജലീലിന്റെ വിയോഗം കായിക പ്രേമികളെ നൊമ്പരത്തിലാഴ്ത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിനാന് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 18 വയസ്സായിരുന്നു.

നേട്ടങ്ങൾ:

  • ദേശീയ സ്കൂൾ അണ്ടർ-19 ഫുട്ബോൾ കിരീടം നേടിയ കേരള ടീമിലെ താരം.
  • ജൂനിയർ ബി.സി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു.
  • മുത്തൂറ്റ് എഫ്.സി താരം.
  • സബ് ജൂനിയർ മുതൽ അണ്ടർ-20 വരെ മലപ്പുറം ജില്ലയ്ക്കായി ബൂട്ടണിഞ്ഞു.

മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ സ്കൂളിലെ സ്പോർട്സ് ഹോസ്റ്റൽ വഴിയാണ് സിനാൻ തന്റെ കായിക കരിയർ വളർത്തിയെടുത്തത്. നിലവിൽ അത്താണിക്കൽ എം.ഐ.സി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. വിവിധ പ്രായപരിധിയിലുള്ള സംസ്ഥാന-ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച സിനാന്റെ വേർപാട് കേരള ഫുട്‌ബോളിന് വലിയൊരു നഷ്ടമാണ്.

Leave a Comment

Your email address will not be published. Required fields are marked *