എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റി ടാങ്കിന് സമീപം സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശികളായ ഗോകുൽ, സന്ദീപ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സാധനങ്ങൾ വിവിധ ആക്രിക്കടകളിൽ നിന്നായി പൊലീസ് കണ്ടെടുത്തു.
എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്തുള്ള വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന കാസ്റ്റ് അയൺ സ്പെഷൽസ് ആണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് ജോലികൾക്കായി എത്തിച്ചിരുന്ന പൈപ്പുകളാണിവ. ഏകദേശം 1,44,535 രൂപ വിപണി വിലവരുന്ന സാമഗ്രികളാണ് സംഘം കവർന്നത്.
മോഷണം നടന്ന സ്ഥലത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. പിടിയിലായ പ്രതികൾ മോഷണമുതലുകൾ ചെന്ത്രാപ്പിന്നി, പുളിഞ്ചോട്, പാലപ്പെട്ടി എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ വിൽപന നടത്തിയിരിക്കുകയായിരുന്നു. ഇവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ ഫാതിൽ റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. ജെയ്‌സൻ, രമേഷ്, സുനിൽകുമാർ, ജോസഫ്, സിനോജ്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






