കല്ലൂര്‍ മഠംവഴിക്കു സമീപമുള്ള വളവില്‍ നിയന്ത്രണംവിട്ട് ചരക്കുലോറി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച രാവിലെ ആറേകാലിനായിരുന്നു അപകടം. വൈദ്യുത പോസ്റ്റ് മീറ്ററുകളോളം ഇടിച്ചുതെറിപ്പിച്ച് വീട്ടുമതിലിലേയ്ക്ക് മറിയുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വൈദ്യുത കമ്പികളും സര്‍വീസ് വയറുകളും പൊട്ടിയിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി.
കൊപ്ര കയറ്റി പോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആമ്പല്ലൂര്‍ ഭാഗത്തേക്കുള്ള യാത്രയില്‍ വളവില്‍ ലോറി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പുതുശേരിപ്പടി ജോസിന്റെ വീടിനുമുന്‍പിലെ അലങ്കാര മതിലും റിമോട്ട് ഗേറ്റുകളുമാണ് തകര്‍ന്നത്. 4 ലക്ഷം രൂപയുടെയെങ്കിലും നഷ്ടമുണ്ടായെന്ന് ജോസ് പറഞ്ഞു. കല്ലൂര്‍ മഠംവഴിയിലെ വളവ് മരണവളവായി മാറിയിരിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴായി ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമീപത്തെ വീട്ടുമതിലുകള്‍ പലതവണയാണ് അപകടങ്ങളെ തുടര്‍ന്ന് പുനര്‍നിര്‍മിക്കേണ്ടി വന്നിരിക്കുന്നത്. ആമ്പല്ലൂര്‍ കള്ളായി റോഡ് നിര്‍മാണത്തില്‍ വന്നിട്ടുള്ള അശാസ്ത്രീയതയാണ് അപകട കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. വളവില്‍ പാലിക്കേണ്ട കര്‍വ് ശാസ്ത്രീയമല്ലാത്തതാണ് അപകട കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
മഴപെയ്താല്‍ വളവില്‍ റോഡില്‍ വെള്ളക്കെട്ടും ഉണ്ടാകും. റോഡും കുറുകെയുള്ള കാനയും നിര്‍മിച്ചതിലെ അപാകമാണ് പ്രധാന പ്രശ്‌നമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി അപകടങ്ങളും മരണവും നടന്നിട്ടും അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ലെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നില്ലെന്നും പരാതിയുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന പിഴവുകള്‍ പോലും ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയോ പരിഹരിക്കുകയോ ചെയ്യാത്തതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. ഇനിയും അപകടങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കല്ലൂര്‍ മഠംവഴിക്കു സമീപമുള്ള അപകടവളവ് സുരക്ഷിത വളവാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.






