nctv news pudukkad

nctv news logo
nctv news logo

 ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി കലക്ടറുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പരിശോധന നടത്തി

NCTV NEWS- PUDUKAD NEWS

എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്‍എച്ച്എഐ, പൊലീസ്, റവന്യു, മോട്ടര്‍ വാഹന വകുപ്പ് തുടങ്ങി വലിയ ഉദ്യോഗസ്ഥ സംഘവും പരിശോധനയില്‍ പങ്കെടുത്തു. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനു മുന്നില്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രതിസന്ധിയെ കുറിച്ച് പരാതികള്‍ ഉന്നയിച്ചു. ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കും അടിപ്പാത നിര്‍മാണങ്ങളും കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. ഗതാഗതക്കുരുക്കും ദേശീയപാതയിലെ കുഴികളും ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സ്വീകരിച്ച നടപടികളെക്കുറിച്ചും കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് നിയന്ത്രിക്കുന്നതും ലോറികള്‍ ഉള്‍പ്പെടെ ചരക്കുവാഹനങ്ങള്‍ക്ക് നിശ്ചിത സമയം നല്‍കി കടത്തിവിടുന്നതും ചര്‍ച്ച ചെയ്തു. വഴി തിരിച്ചുവിടന്ന സമാന്തര റോഡുകളില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു. മരാമത്ത്, പഞ്ചായത്ത് അധീനതയിലുള്ള സമാന്തര റോഡുകളെല്ലാം തകര്‍ന്ന നിലയിലായെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ കലക്ടറെ ബോധിപ്പിച്ചു. ജംഗ്ഷനിലെ വെളിച്ചക്കുറവ് പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിര്‍മാണം സ്തംഭിച്ച നിലയിലാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണെന്നും എംഎല്‍എ ആരോപിച്ചു. സര്‍വീസ് റോഡിലെ പ്രശ്‌നങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചൂണ്ടിക്കാട്ടി. എസ്പിയും ആര്‍ടിഒയും പുതിയ ട്രാഫിക് നിര്‍ദേശം കലക്ടര്‍ക്കു മുന്‍പില്‍ വച്ചു. പിന്നീട് സംഘം മരിങ്ങൂരിലേക്ക് പോയി. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേശ്വരി, ടി.എസ്.ബൈജു, സബ് കലക്ടര്‍ അഖില്‍ വി.മേനോന്‍, റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍, അഡി. എസ്പി ടി.എസ്.സിനോജ്, ഡിവൈഎസ്പിമാരായ പി.സി.ബിജുകുമാര്‍, പി.ആര്‍.ബിജോയ്, എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ അന്‍സില്‍ ഹസ്സന്‍, ആര്‍ടിഒ ജി.അനന്തകൃഷ്ണന്‍, തഹസില്‍ദാര്‍മാരായ കെ.എം.സിമേഷ് സാഹു, കെ.എ.ജേക്കബ് തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *