നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയെട്ടാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂര്‍കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസര്‍ഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്‌നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്. സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള മലയാള ഭാഷ സംസാരിക്കുന്ന മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ മേഖലകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്. 1928ല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു. 1921ല്‍, അതുവരെയുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ക്ക് പകരം ഇവമൂന്നും കൂട്ടിയോജിപ്പിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) എന്ന് പുനര്‍നാമകരണം ചെയ്തതും ഐക്യകേരള രൂപീകരണത്തില്‍ നിര്‍ണ്ണായകമാണ്. കെ പി സി സി യുടെ ആദ്യ അഖില കേരള രാഷ്ട്രീയ സമ്മേളനം 1921 ഏപ്രില്‍ 23 മുതല്‍ ഒറ്റപ്പാലത്ത് നടന്നു.
ഐക്യകേരളത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും വലിയ പങ്കുവഹിച്ചു. കേരളം മലയാളിയുടെ മാതൃഭൂമി എന്നപേരില്‍ ഒരു ഗ്രന്ഥം ഇ എം എസ് എഴുതിയിട്ടുണ്ട്.
കൊച്ചി, മലബാര്‍ പ്രവിശ്യകളില്‍ ഉയര്‍ന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയത് പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. 1952 ഏപ്രില്‍ 4, 5, 6 തീയതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ ഐക്യകേരളത്തിനുവേണ്ടി വമ്പിച്ച പ്രക്ഷോഭം നടത്താനും തീരുമാനമായി. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഎംസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു.
ദൈവത്തിന്റെ സ്വന്തം നാടിന്റെ അറുപത്തെട്ടാം പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍!