പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കരുതുന്നു. ചിരിക്കുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. അതുവഴി സമ്മര്‍ദ ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും ഉത്പാദനം കുറയുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ എന്നിവയുള്‍പ്പെടെ ശരീരത്തിലെയും മസ്തിഷ്‌കത്തിലെയും നല്ല രാസവസ്തുക്കള്‍ പുറത്തുവിടാന്‍ പുഞ്ചിരി സഹായിക്കുന്നു. ഈ രാസവസ്തുക്കള്‍ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മാത്രമല്ല രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നതിനോടൊപ്പം സ്വാഭാവിക വേദനസംഹാരികളായും പ്രവര്‍ത്തിക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ധിക്കുകയും അതുവഴി മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. 1963ല്‍ മസാച്യുസെറ്റ്‌സിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള ഒരു ബിസിനസ് ഇല്യുസ്‌റ്റേറ്ററായ ഹാര്‍വി ബോള്‍ ആണ് ‘സ്‌മൈയിലി ഫെയ്‌സ് ചിഹ്നം’ ലോകത്ത് ആദ്യമായി പരിചയപ്പെടുത്തിയത്. ഇത് വലിയ തോതില്‍ വാണിജ്യപരമായി ഉപയോഗിക്കപ്പെട്ടതോടെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടപ്പെട്ടതായി അദ്ദേഹം കരുതി. തുടര്‍ന്നാണ്, പുഞ്ചിരിക്കായി ഒരു ദിനം സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. 1999ലാണ് ലോക പുഞ്ചിരി ദിനം ആദ്യമായി ആഘോഷിച്ചത്. അതിന് ശേഷം എല്ലാ വര്‍ഷം ഈ ദിനം ആചരിച്ചുവരുന്നു. ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും പുഞ്ചിരിയും ദയയും പങ്കിടുന്നതിന്റെ പ്രധാന്യത്തിനായി വാദിക്കുന്നു. 2001ല്‍ സ്ഥാപിക്കപ്പെട്ട ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷനാണ് ലോകപുഞ്ചിരിദിന ആഘോഷ പരിപാടികള്‍ സജീവമാക്കിയത്.