ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കല്‍ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവില്‍ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തില്‍ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശര്‍ക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കല്‍പ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയില്‍ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവില്‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.