nctv news pudukkad

nctv news logo
nctv news logo

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി

പരാതികള്‍ ഫലം കണ്ടില്ല. തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഇതേയിടത്ത് കഴിഞ്ഞയാഴ്ചയും അറവുമാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം സംസ്‌കരിക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അതേയിടത്ത് സാമൂഹ്യവിരുദ്ധര്‍ വീണ്ടും അറവുമാലിന്യം തള്ളിയിരിക്കുന്നത്.  പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് അംഗം അജീഷ് മുരിയാടന്‍, പഞ്ചായത്ത് അസി. സെക്രട്ടറി സാബു, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജി എന്നിവര്‍ സംഭവ സ്ഥലത്തെത്തി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യം പൂര്‍ണമായി നീക്കം ചെയ്തത്. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ലഭ്യമായ കുടിവെള്ള സ്‌ത്രോതസ് കൂടി ഒരു കൂട്ടര്‍ നശിപ്പിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തിയവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കഴിഞ്ഞയാഴ്ച പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ ഇനിയും പിടികൂടുവാന്‍ സാധിച്ചിട്ടില്ല. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നും പഞ്ചായത്ത് അധികാരികള്‍ ആവശ്യപ്പെട്ടു. പുതുക്കാട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കുറ്റക്കാരെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *