nctv news pudukkad

nctv news logo
nctv news logo

പാലിയേക്കര ടോള്‍പ്ലാസ ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധസമരം സംഘര്‍ഷത്തില്‍ കലാശിച്ചു

toll plaza

പാലിയേക്കരയില്‍ ടോള്‍ കൊള്ള നടത്തുവെന്നാരോപിച്ച് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. പാലിയേക്കരയില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ജിഐപിഎല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. എംപിയ്ക്കും ഡിസിഡി പ്രസിഡന്റിനും ജിഐപിഎല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്ന നേതാക്കളുടെ ആവശ്യം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമായത്. ഇതേസമയം പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ത്തിനിടയില്‍ ടി.എന്‍. പ്രതാപന്‍ എംപി താഴെ വീണ് കൈയ്ക്ക് പരുക്ക്പറ്റി. മുന്‍ എംഎല്‍എ അനില്‍ അക്കര, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവര്‍ക്കും പരുക്ക് പറ്റിയതായി പറയുന്നു. ടി.എന്‍. പ്രതാപന്‍ എംപി, ജോസ് വള്ളൂര്‍, അനില്‍ അക്കര, രമ്യ ഹരിദാസ് എംപി എന്നിവരുടെ നേതൃത്വത്തില്‍ ജിഐപിഎല്‍ ഓഫീസ് കവാടത്തിന് മുന്‍പില്‍ ഇരുന്ന് പ്രതിഷേധിച്ചു. എംപി യെന്ന് അറിഞ്ഞിട്ടും പൊലീസ് മനപൂര്‍വം ആക്രമിച്ചുവെന്നും പൊലീസ് കൗണ്ടര്‍ കേസ് എടുക്കുകയാണെന്നും വിഷയത്തില്‍ എസ്പിയും ജില്ലാ കളക്ടറും ഇടപെടണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ അനുനയശ്രമങ്ങള്‍ വിജയിക്കാതായതോടെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയും റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റും അടങ്ങുന്ന സംഘം സ്ഥലത്തെത്തി. നേതാക്കളുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സംഘം നല്‍കിയ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. പരുക്കേറ്റ ടി.എന്‍. പ്രതാപന്‍ എംപി, അനില്‍ അക്കര, ജോസ് വള്ളൂര്‍ എന്നിവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിമാരായ ടി.എസ്. സിനോജ്, വി.കെ. രാജു, എം. ഉല്ലാസ്‌കുമാര്‍, പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനില്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയിരുന്നത്. ഉപരോധ സമരത്തില്‍ സുനില്‍ അന്തിക്കാട്, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, കല്ലൂര്‍ ബാബു, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, കെ.എം. ചന്ദ്രന്‍, പോള്‍സണ്‍ തെക്കുംപീടിക, എം.എസ്. അനില്‍കുമാര്‍, സി.സി. ശ്രീകുമാര്‍, സി.ഒ. ജേക്കബ്, കെ.എസ്. ഉസ്മാന്‍ഖാന്‍, കെ.വി. ദാസന്‍, സജീവന്‍ കുരിയച്ചിറ, കെ.എസ്. ഡൊമിനിക്, വി.ഒ. പൈലപ്പന്‍, റിക്‌സന്‍ വര്‍ഗീസ്, പ്രിബനന്‍ ചുണ്ടേലപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *