ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ഫയര്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം യൂണിഫോം സേനകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്‌റ്റേഷന്‍ പരിശീലനത്തിനായി അയക്കും. തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ നിയോഗിക്കും. നിലവില്‍ 86 പേരാണ് നിയമിതരായത്. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ പറഞ്ഞു. സ്‌കൂബ ഡൈവിംഗ്, ഡിങ്കി ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, വാതക ചോര്‍ച്ച, രാസവസ്തുക്കളാല്‍ ഉണ്ടാകുന്ന ദുരന്തം തുടങ്ങിയവ നേരിടുന്നതടക്കമുള്ള പരിശീലനം ഉറപ്പാക്കും. പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്. സേനയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും മുഖ്യപങ്ക് വഹിക്കാന്‍ അര്‍പ്പണമനുഭാവത്തോടുകൂടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഡയറക്ടര്‍ ടെക്‌നിക്കല്‍ എം. നൗഷാദ് അധ്യക്ഷനായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി റീജിയണല്‍ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ്, പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ. ഷിജു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ്, ജില്ലാ ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ ഭാസ്‌കര്‍, എം.എസ്. സുവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ റെനി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
കേരള അഗ്‌നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി
