കാരിക്കടവ് കോളനിക്കു ചുറ്റും വനംവകുപ്പ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത് ഇവിടത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. സോളാര്‍വേലി സ്ഥാപിച്ചതിനു ശേഷം കോളനിക്കകത്തേക്ക് കാട്ടാനകള്‍ വരാറില്ലെന്ന് കാരിക്കടവ് ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ ചന്ദ്രന്‍ പറഞ്ഞു. മലയര്‍ വിഭാഗക്കാരായ പതിനഞ്ച് കുടുംബങ്ങളാണ് കാരിക്കടവിലുള്ളത്. രാത്രിയായാല്‍ സമീപത്തുള്ള വനത്തില്‍ നിന്ന് ഇറങ്ങി പുഴ മുറിച്ചുകടക്കുന്ന കാട്ടാനകള്‍ ഒറ്റക്കും കൂട്ടമായും കോളനിയിലേക്കെത്തുന്നത് ഇവര്‍ക്ക് ദുരിതമായിരുന്നു. കാട്ടാനശല്യം പരിഹരിക്കണമെന്ന ആദിവാസി കുടുംബങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് വനംവകുപ്പ് കോളനിക്ക് ചുറ്റും സോളാര്‍ വൈദ്യുതി വേലി സ്ഥാപിക്കാന്‍ നടപടിയെടുത്തത്. രാത്രിയില്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതും പുലര്‍ച്ചെ വിഛേദിക്കുന്നതും ഉള്‍പ്പെടെ സോളാര്‍ വേലിയുടെ പരിപാലന ചുമതല കോളനി നിവാസികളെ തന്നെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ വനംവകുപ്പ് ഇടപെട്ട് പരിഹരിക്കും. അതേ സമയം കോളനിയിലേക്കുള്ള റോഡില്‍ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല.
മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കു കിഴക്കേ കോണില്‍ വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇനി കാട്ടാനകളെ ഭയക്കാതെ കിടന്നുറങ്ങാം
