പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍, ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനകൂട്ടത്തിനു മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയില്‍ ടാപ്പിങ് ജോലിക്കായി ബൈക്കില്‍ പോയിരുന്ന ദമ്പതികള്‍ കാട്ടാനകൂട്ടത്തിനു മുന്നില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഹനീഫയും ഭാര്യയും പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. പത്തോളം ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടന്ന ആനകള്‍ ജ്യുങ് ടോളി എസ്റ്റേറ്റിന്റെ 82-ാം ഫീല്‍ഡിലാണ് നിലയുറപ്പിച്ചത്. ആനകള്‍ തോട്ടത്തില്‍ തമ്പടിച്ചതോടെ തൊഴിലാളികള്‍ ടാപ്പിങ്ങിനിറങ്ങാന്‍ വൈകി. രണ്ട് കൂട്ടങ്ങളിലായി 20 ലേറെ ആനകളാണ് റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചത്. വാച്ചര്‍മാരുടെ നേതൃത്വത്തില്‍ ആനകളെ കാടുകയറ്റിയെങ്കിലും വീണ്ടുമിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു
