ഇരുപതോളം കാട്ടാനകളാണ് റബര്‍ തോട്ടത്തിലും റോഡരികിലുമായി തമ്പടിച്ചിട്ടുള്ളത്. ആനക്കുട്ടികളും ഇവയുടെ കൂട്ടത്തിലുണ്ട്. രാപകല്‍ ഭേദമില്ലാതെയാണ് ചൊക്കന കാരിക്കടവ് മേഖലയില്‍ കാട്ടാനകള്‍ വിഹരിക്കുന്നത്. ചൊക്കനയില്‍ നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കു പോകുന്ന റോഡില്‍ പതിവായി ആനക്കൂട്ടത്തെ കാണുന്നുണ്ട്്. ഹാരിസണ്‍ ലിമിറ്റഡിന്റെ റബര്‍ തോട്ടങ്ങളിലും ആനകളെ സ്ഥിരമായി കാണാം. ഒരു മാസം പോലും പ്രായം തികയാത്ത കുട്ടിയാനയേയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. രാവിലെ ടാപ്പിംഗിനിറങ്ങുന്ന എസ്‌റ്റേറ്റ് തൊഴിലാളികള്‍ ആനക്കൂട്ടത്തെ ഭയന്നാണ് ജോലി ചെയ്യുന്നത്. കുട്ടിയാനകള്‍ കൂട്ടത്തിലുള്ളതിനാല്‍ ആളുകളെ കാണുമ്പോള്‍ കാട്ടാനകള്‍ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നു. കാരിക്കടവ് റോഡില്‍ പഴയ ട്രാംവേക്കു സമീപമാണ് പതിവായി ആനകളെ കാണുന്നത്. കാട്ടാനകളെ പ്രതിരോധിക്കാനായി വനാതിര്‍ത്തിയില്‍ അധികൃതര്‍ സോളാര്‍ വേലി സ്ഥാപിച്ചതിനാല്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകള്‍ക്ക് തിരികെ കാടുകയറാനാവാത്തതാണ് ആനക്കൂട്ടം കാരിക്കടവ് ഭാഗത്ത് തന്നെ തുടരാന്‍ കാരണമാകുന്നതെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു. സോളാര്‍ വേലി സ്ഥാപിക്കുന്നതിനു മുമ്പ് ആനക്കൂട്ടങ്ങളെ ജനവാസ മേഖലയില്‍ നിന്ന് കാടുകയറ്റി വിടേണ്ടതായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.