nctv news pudukkad

കൊടകരയിൽ കാറിൽ കടത്തിയത് 141 കിലോ കഞ്ചാവ്; രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

കൊടകരയില്‍ കാറില്‍ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലുവ കീഴ്മാട് വടക്കേളാന്‍ വീട്ടില്‍ ടോംജിത്, ആലുവ ചൂണ്ടി കുറ്റിയേടത്ത് വീട്ടില്‍ വിന്‍സെന്റ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ മൂന്നാം നമ്പര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

2021 ഓഗസ്റ്റ് 21ന് എന്‍.എച്ച് 544 റോഡില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. കൊടകര ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച കൊടകര പൊലീസ് സംഘം പ്രതികളില്‍ നിന്ന് 141 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. കൊടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ അന്നത്തെ എസ്.ഐ ഡെയ്‌സനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. നിലവില്‍ വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്ന അന്നത്തെ കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും അന്‍പതോളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഗിരീഷ് മോഹന്‍ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *