തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ചയോടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറന്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്.
വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ജൂണ്‍ 7 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ അതിശക്തമായ മഴയ്ക്കാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.






