പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മാട്ടുമലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, ഇ.കെ. അനൂപ്, അജിതാ സുധാകരന്‍, ജനപ്രതിനിധികളായ അല്‍ജോ പി. ആന്റണി, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, കേരള ഹൗസിങ് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ബി. ഹരികൃഷ്ണന്‍, റീജിയണല്‍ എഞ്ചിനീയര്‍ ടി.ആര്‍. മഞ്ജുള, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ്. ഗിരീശന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദീപ രാജന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2010 ല്‍ ഹൗസിങ് ബോര്‍ഡ് പാര്‍പ്പിട സാമൂച്ചയപദ്ധതി തയ്യാറാക്കുകയും പ്രാഥമിക അനുമതി ലഭ്യമാക്കുകയും 2012 ല്‍ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി നിര്‍മ്മാണം ആരംഭിച്ചു എങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രസ്തുത സ്ഥലത്തു പുതുക്കാട് മണ്ഡലത്തിലെ ഭൂ ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം, ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരുക്കണം എന്ന് കെ. കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നിരന്തരമായ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പുതിയ ഫ്‌ലാറ്റ് സമൂച്ചയ നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ചത്. യോഗത്തിന് മുന്‍പ് ഹൗസിങ് ബോര്‍ഡ് സംഘം മാട്ടു മലയിലെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. 50 കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യ മൊരുക്കുന്ന തരത്തില്‍ ആകെ 30000 സ്‌ക്വയര്‍ ഫീറ്റിലാണ് സമുച്ചയം നിര്‍മ്മിക്കുന്നതി നായി ഹൗസിങ് ബോര്‍ഡ്, എസ്ടിമേറ്റും പ്ലാനും തയ്യാറാക്കി അനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ത്രിതല പഞ്ചായത്തുകളുടെ ഭവന പദ്ധതിക്കായുള്ള ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച ഒരു ഫ്‌ലാറ്റ് സമുച്ചയമാണ് മാട്ടു മലയില്‍ വിഭാവനം ചെയ്യുന്നതെന്നും സെപ്തംബര്‍ മാസത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്നും എംഎല്‍എ അറിയിച്ചു.