ഇരിങ്ങാലക്കുടയിൽ അഖിലകേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ‘ഓണപ്പൊലിമ 2026’ സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം ദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശൻ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത മുഖ്യാതിഥിയായി പങ്കെടുത്തു.
വിവിധ മേഖലകളിൽ ശാസ്താംപാട്ട് കലയെ ജീവിതത്തിൽ തപസ്സായി കൊണ്ടുനടക്കുന്ന 40 മഹത് വ്യക്തികളെ പത്മശ്രീ പെരുവനം കുട്ടൻമാരാർ ഓണപ്പുടവയും ദക്ഷിണയും നൽകി ആദരിച്ചു. കൂടാതെ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, ദേവൻ, സുനിൽ കർത്ത എന്നിവരെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് നെടുമ്പാൾ, സംസ്ഥാന വൈസ് പ്രസിഡന്റ് ജനാർദ്ദനൻ മണത്തല, സംസ്ഥാന ട്രഷറർ കൈനൂർ ദിനേശൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.എൻ. പുരം സുബ്രഹ്മണ്യൻ എന്നിവരും സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും തളിക്കുളം ശബരീശൻ അയ്യപ്പവിളക്ക് സംഘത്തിന്റെ ശാസ്താംപാട്ടും അരങ്ങേറി.






