ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസിനെയാണ്’ ഉത്തർപ്രദേശിൽ നിന്ന് പൊലീസ് പിടികൂടിയത്. കേരളത്തിലെ ലഹരി സംഘങ്ങൾക്ക് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണ് പിടിയിലായ റിയാസെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
തൃശ്ശൂരിൽ ആംബുലൻസിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് റിയാസിലേക്ക് പൊലീസിനെ എത്തിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് തൃശ്ശൂർ വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ ആംബുലൻസിൽ നിന്ന് 250 ഗ്രാമോളം എംഡിഎംഎ പൊലീസ് പിടികൂടിയത്. ഈ സംഘത്തിന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചുനൽകിയത് റിയാസാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ രണ്ട് മാസമായി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു റിയാസ്. തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ പിടികൂടിയ വലിയ അളവിലുള്ള ലഹരിമരുന്നുകളുടെ ഉറവിടവും റിയാസാണോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ റിയാസിനെ തൃശ്ശൂരിലെത്തിച്ചു.






