nctv news pudukkad

ഗുരുവായൂരിൽ വിവാഹമേളം; ചരിത്രത്തിലെ റെക്കോർഡ് 437 താലികെട്ടുകൾ

ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്.

ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. 354 വിവാഹങ്ങളായിരുന്നു അന്ന് ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തിയതോടെയാണ് ​ഗുരുവായൂരിലെ റെക്കോർഡ് വിവാഹങ്ങൾക്ക് തുടക്കമായത്. പുലർച്ചെ 4.10ഓടെ ക്ഷേത്രം കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ വിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.

ടോക്കൺ അനുസരിച്ചാണ് വിവാഹങ്ങൾ ​ഗുരുവായൂരിൽ പുരോമിക്കുന്നത്. ഊഴത്തിന് അനുസരിച്ച് ആളുകളെ വിളിക്കുകയും എത്രയും വേ​ഗം വി​വാഹ ചടങ്ങുകൾ പൂർത്തിയാക്കുന്ന രീതിയിലാണ് ചടങ്ങൾ പുരോ​ഗമിക്കുന്നത്. ആദ്യത്തെ രണ്ട് മണിക്കൂറിൽ 137 വിവാഹങ്ങൾ കഴിഞ്ഞു. വിവാഹത്തിനായി എത്തിച്ചേരുന്നവരുടെയും ക്ഷേത്രദർശനത്തിനായി എത്തിച്ചേരുന്നവരുടെയും സുരക്ഷക്കായി പൊലീസിനെയും ക്ഷേത്രം ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്നാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. വിവാഹ ചടങ്ങളുകളും ക്ഷേത്ര ദർശനവും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവാഹത്തിന് എത്തിയവരും ഭക്തരും സഹകരിക്കുന്നുണ്ടെന്നും എ.വി. ഗോപിനാഥ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *