nctv news pudukkad

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം

പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്ന് 50 പവൻ സ്വർണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് വീടിന്റെ മറ്റ് വാതിലുകളും തകർത്തതായി പൊലീസ് അറിയിച്ചു. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം.

ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. പുലർച്ചെ ഒന്നരയോടെ ഷക്കീർ കടയിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വൈകുന്നേരം ഏഴ് മണിയോടെ വീടിന് സമീപം രണ്ട് പേരെ കണ്ടിരുന്നതായി പരിസരവാസികൾ പൊലീസിന് മൊഴി നൽകി. വീട്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

വീടിന് സമീപത്ത് ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *