nctv news pudukkad

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉദുവാം പെട്ടി മെയിന്‍ റോഡ് ഷണ്‍മുഖത്തിന്റെ മകന്‍ തമിളകന്‍ (27) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നും കടല്‍ കാണാനായി ബൈക്കുകളിലായെത്തിയ പതിമൂന്നംഗ സംഘത്തിലെ ഒരാളാണ് തമിളകന്‍. ഉച്ചയ്ക്ക് 12.30ന് കടപ്പുറത്തെത്തിയ ഇവരില്‍ നാലുപേര്‍ കുളിക്കാനായി കടലിലിറങ്ങി. തീരക്കടലിലെ അടിയൊഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടികയില്‍നിന്നും അഗ്‌നി രക്ഷാസേനയും ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. ഫൈസല്‍, തളിക്കുളം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഒ.എസ്. സുഗന്ധി എന്നിവരും സ്ഥലത്തെത്തി. 

അഴിക്കോട് തീരദേശ പൊലീസിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നതിനിടെ, കടലില്‍ ഒഴുക്കില്‍പ്പെട്ടതിന്റെ അര കിലോമീറ്റര്‍ തെക്ക് ഭാഗത്ത് വൈകീട്ട് അഞ്ചോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂര്‍ സ്വദേശികള്‍ തളിക്കുളത്ത് കടലില്‍ നിരന്തരം അപകടത്തില്‍ പെടുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുന്നറിയിപ്പുകൾ അവഗണിച്ച് കടലിന്റെ സ്വഭാവം അറിയാതെ കുളിക്കാന്‍ ഇറങ്ങുന്നതാണ് കാരണം. ടു വീലര്‍ വര്‍ക്ക് ഷോപ്പിലെ മെക്കാനിക്കാണ് മരിച്ച തമിളകന്‍. അമ്മ:അയ്യമ്മാള്‍. രണ്ട് സഹോദരങ്ങളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *