തൃശ്ശൂരിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികള്‍ക്കാണ് രോഗബാധ. ഏഴും നാലും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗബാധ. കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു
വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ ആദ്യമായാണ് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മധുര സ്വദേശിനിയായ മാതാവിനൊപ്പം തമിഴ്‌നാട്ടിലായിരുന്ന കുട്ടികള്‍ കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് മംഗലത്ത് എത്തിയത്. അതിനാല്‍ രോഗത്തിന്റെ ഉറവിടം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല ഈ കുടുംബം വെള്ളം തിളപ്പിക്കാതെയാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പരിസരത്തെ ജലസ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചു. നാല് ദിവസത്തിനകം ഇതിന്റെ പരിശോധനാഫലം ലഭ്യമാകും.
രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഠിനമായ വയറുവേദന, കടുത്ത പനി 103, 105 ഡിഗ്രി വരെ, ശര്‍ദ്ദി, രക്തം കലര്‍ന്ന വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.






