ഒപ്പം മുറിയെടുത്തു താമസിച്ച് ഉറക്കത്തിനിടെ സുഹൃത്തിന്റെ സ്വര്‍ണമാലയും ആപ്പിള്‍ ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ കൊലക്കേസ് പ്രതിയെ ചാലക്കുടി പൊലീസ് പിടികൂടി. മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര വീട്ടില്‍ ലിബിന്‍ ബെന്നി (32) ആണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ നിന്നാണ് ചാലക്കുടി പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡിലെ ഒരു ലോഡ്ജില്‍ പരിയാരം കുറ്റിക്കാട് സ്വദേശി പുന്നേലിപ്പറമ്പില്‍ ഷൈജുവും ലിബിനും ഒന്നിച്ചാണ് മുറിയെടുത്തത്. രാത്രി ഷൈജു ഉറക്കത്തിലായ തക്കം നോക്കി കഴുത്തില്‍ കിടന്നിരുന്ന ഒന്നരപ്പവന്റെ സ്വര്‍ണമാല, ഐഫോണ്‍, പഴ്‌സിലുണ്ടായിരുന്ന പണവും മോഷ്ടിച്ച് ലിബിന്‍ കടന്നുകളയുകയായിരുന്നു.
ലിബിന്‍ വിവിധ സ്‌റ്റേഷനുകളിലായി ഒരു കൊലപാതക കേസിലും കവര്‍ച്ച, മോഷണം, അതിക്രമിച്ച് കയറല്‍, ഗൂഡാലോചന തുടങ്ങി മുപ്പതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൂടാതെ കാപ്പ നിയമ പ്രകാരം ജയിലിലാക്കിയ പ്രതിയുമാണ്. ചാലക്കുടി പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ അതുല്‍ മോഹന്‍, ജി എസ് സി പി ഒ സുജിത്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ്, സജീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






