36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എൻ. സെന്ററിന് സമീപം നടത്തിയ പരിശോധനയിലാണ് വലപ്പാട് പൊലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്. വലപ്പാട് കോതകുളം സ്വദേശി നെടിയിരിപ്പിൽ ആദിത്യൻ (21), എസ്.എൻ. സെന്റർ സ്വദേശി അറക്കൽ സബാഹ് (19), കൂരിക്കുഴി സ്വദേശി മേലാറ്റത്ത് സിനാൻ (20) എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ബുള്ളറ്റുകളിലും ഒരു ഹോണ്ട ആക്ടീവ സ്കൂട്ടറിലുമായി ഒളിപ്പിച്ച നിലയിൽ ഏഴ് പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായവരിൽ ആദിത്യൻ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും, മനുഷ്യജീവന് അപകടം വരുത്തത്തക്കവിധം വാഹനമോടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.ഐ.മാരായ സി.ആർ. മൗഷമി, ആർ. അമൽ രാജ്, സി.പി.ഒ. അബീഷ് എന്നിവരും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.






