“ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്…”
1947 ആഗസ്റ്റ് 15-ന് അർദ്ധരാത്രിയിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുഴക്കിയ ഈ ചരിത്രവാക്കുകൾ, നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്ന് മോചിതമായ ഒരു രാജ്യത്തിന്റെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്റെയും ശബ്ദമായിരുന്നു.
ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർന്ന ആ ചരിത്രനിമിഷം മുതൽ, സ്വാതന്ത്ര്യദിനം ഇന്ത്യയുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി, അഭിമാനത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.
സ്കൂളുകൾ മുതൽ സർക്കാർ സ്ഥാപനങ്ങൾ വരെ… ദേശഭക്തിഗാനങ്ങളും പരേഡുകളും പതാക ഉയർത്തലും സാംസ്കാരിക പരിപാടികളും ദേശീയഗാനാലാപനവുമായി രാജ്യമെങ്ങും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നിറമേകുന്നു.
ഓരോ ആഘോഷവും നമ്മുടെ ഉള്ളിലെ ദേശീയബോധത്തെ ഒരിക്കൽക്കൂടി ഉണർത്തുകയാണ്.
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
ജാതി, മതം, ഭാഷ എന്നിവയുടെ വൈവിധ്യങ്ങൾക്കപ്പുറം, “നമ്മൾ ഭാരതീയർ” എന്ന ഒരൊറ്റ വികാരത്തിൽ ഒന്നിക്കുന്ന ദിനമാണിത്.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി കൈകോർക്കാനും ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ദൃഢപ്രതിജ്ഞയെടുക്കാം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ ഈ വേളയിൽ നമുക്ക് ആദരവോടെ സ്മരിക്കാം.
അവരുടെ പോരാട്ടവും ത്യാഗവുമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിത്തറ.
സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ല… അത് ഉത്തരവാദിത്വം കൂടിയാണ്.
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും സഹോദര്യവും കാത്തുസൂക്ഷിച്ച്, വികസിതവും ശക്തവുമായ ഒരു ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.
എല്ലാ പ്രിയപ്പെട്ടവർക്കും എൻസിടിവി ന്യൂസിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
ജയ് ഹിന്ദ്! 🇮🇳






